കലഞ്ഞൂര്‍: കോണ്‍ക്രീറ്റ് കട്ടര്‍ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി ദാരുണമായി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്. പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്ട്രിക്കല്‍ സബ്ബ്‌സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ സംഭവം.

ബാബുക്കുട്ടിയുടെ വീട്ടിലേക്ക് വാഹനം കയറുന്നതിനായി, പഴയ കടമുറിയുടെ കോണ്‍ക്രീറ്റ് പൊളിക്കുകയായിരുന്നു. ഇരുമ്പ് സ്റ്റാന്‍ഡില്‍ നിന്ന് ജോലി ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് തുളയ്ക്കുന്ന യന്ത്രവുമായി താഴേയ്ക്ക് ഇറങ്ങുമ്പോള്‍ പുറകിലേക്ക് മറിഞ്ഞുവീണു. താഴെവീണ ജെയിംസിന്റെ നെഞ്ചിലേക്ക്, ഓഫാകാതിരുന്ന യന്ത്രം തുളഞ്ഞുകയറുകയായിരുന്നു.

ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഭാര്യ: ബീന. മക്കള്‍: നേഹ അന്ന, നിര്‍മ്മല. മരുമക്കള്‍: ബിജോഷ്, ജിനു. സംസ്‌കാരം വെള്ളിയാഴ്ച ഒന്നിന് കൊടുമണ്‍ സെയ്ന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.