കട്ടപ്പന: ഇടുക്കി കട്ടപ്പന ബസ് സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബൈസന്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ഒരു മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഡിസംബര്‍ ഒന്ന് ഞായറാഴ്ച രാത്രിയാണ് കട്ടപ്പന പുതിയ സ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയത്.

കുമളി അരാമിണ്ണിയില്‍ വിഷ്ണു പതിരാജ് (25)ന്റെ ദേഹത്തേക്കാണ് ബസ് കയറിയത്. കുമളി-മൂന്നാര്‍ റൂട്ടിലോടുന്ന ദിയ ബസാണ് അപകടമുണ്ടാക്കിയത്. ടെര്‍മിനലിലെ ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. അവിടെ കസേരയില്‍ ഇരിക്കുകയായിരുന്ന വിഷ്ണുവിന്റെ കഴുത്തൊപ്പം ബസ് ഇടിച്ചുകയറി. ഇരുന്ന കസേര ഉള്‍പ്പെടെ പിന്നിലേക്ക് വളഞ്ഞു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസിന് അടിയില്‍ കുടുങ്ങി.

സമീപത്തുള്ളവര്‍ ബസ് പിന്നിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു. വിഷ്ണു എഴുന്നേറ്റു നടന്നപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്. പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. അത്ഭുതകരമായാണ് വിഷ്ണു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാലിന്റെ മുട്ടിനാണ് പരിക്കേറ്റത്.

ഈ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി വന്നിരിക്കുന്നത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. പിന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗിയര്‍ ഫസ്റ്റിലേക്ക് മാറുകയും ബസ് മുന്നോട്ട് നീങ്ങുകയുമായിരുന്നു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനൊപ്പം ഒരാഴ്ച പ്രത്യേക പരിശീലനം നേടാനും എംവിഡി നിര്‍ദേശിച്ചിട്ടുണ്ട്.