തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ്യുമുഖ്യമന്ത്രിടെ അഭിസംബോധന. മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഇതിനുവേണ്ടി നാളെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുമാണ് യോഗം. കേരളം മാര്‍ച്ച് 30 ഓടെ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുമെന്നും ആയല്‍ക്കൂട്ടങ്ങള്‍ , ടൂറിസം കേന്ദ്രങ്ങള്‍, ഗ്രാമം, നഗരം, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ഉദ്ദേശ്യം. രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാത്ത പരിചരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനം 2025 നവംബര്‍ ഒന്നിനുള്ളില്‍ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.