തൊടുപുഴ: ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പില്‍ എം.കെ.ചന്ദ്രന്‍ (58) കുഴഞ്ഞുവീണു മരിച്ചു. വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നില്‍ നടത്തിയ ധര്‍ണയ്ക്കിടെയാണ് ചന്ദ്രന്‍ പെട്ടെന്ന് കുഴഞ്ഞ് വീണത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

ഇന്നലെ പതിനൊന്നരയോടെയാണു സംഭവം. കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ ചന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. കേരള കോണ്‍ഗ്രസ് ഒന്നായിരുന്ന സമയത്ത് 2019ല്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തതിനെതിരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ് ചേരിയിലും എം.കെ.ചന്ദ്രനും ചേര്‍ന്നാണു തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരേതനായ കുഞ്ഞിന്റെയും ഗൗരിക്കുട്ടിയുടെയും മകനാണ്.

സംസ്‌കാരം ഇന്നു 12ന്. ഭാര്യ: ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം ഷീല (നാട്ടകം ഗവ. പോളിടെക്‌നിക് കോളജ് ജീവനക്കാരി). മക്കള്‍: അനില്‍കുമാര്‍, അനിമോന്‍. മരുമകള്‍: ധനലക്ഷ്മി അനില്‍കുമാര്‍. എം.കെ.ചന്ദ്രന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ അനുശോചിച്ചു.