മലപ്പുറം: കൂട്ടിലങ്ങാടി സ്വദേശി സുനീറിനെ രണ്ടു മാസം മുന്‍പാണ് കാര്‍ ഇടിച്ചു വീഴ്ത്തിയത്. വെളുത്ത മാരുതി സ്വിഫ്റ്റ് കാര്‍ സുനീറിനെ ഇടിച്ചിടുന്നത് സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആ കാര്‍ ഇനിയും കണ്ടെത്താനായിട്ടില്ല. അപകടം നടന്ന് രണ്ട് മാസം പിന്നിട്ടെങ്കിലും ആ കാര്‍ ഇനിയും കാണാമറയത്താണ്. അപകടത്തിനു പിന്നാലെ കാറുമായി കടന്നു കളഞ്ഞവരെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും പല തവണ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഗുരുതര പരിക്കേറ്റ സുനീര്‍ ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും ഉപജീവനവും മുന്നോട്ട് കൊണ്ടുപോകുന്നത്.

അപകടത്തിനിടയാക്കിയ കാര്‍ കണ്ടെത്തിയാല്‍ മാത്രമേ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ കുടുംബം. ആ കാര്‍ കണ്ടെത്തിയിരുന്നെങ്കില്‍ ഇന്‍ഷുറന്‍സ് തുക എങ്കിലും കിട്ടുമായിരുന്നു. ഒക്ടോബര്‍ 18 രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. തെറ്റായ ദിശയില്‍ വന്ന കാര്‍ സുനീറിന്റെ സ്‌കൂട്ടറിനെ ഇടിച്ചുതെറി പ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സുനീര്‍ കാറിന്റെ ബോണറ്റില്‍ വന്ന് വീണു. അവിടെ നിന്നും താഴേയ്ക്കും.

എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സുനീറിനെ തിരിഞ്ഞു നോക്കാതെ അപകടമുണ്ടാക്കിയവര്‍ കാര്‍ നിര്‍ത്താതെ പോയി. പിന്നാലെ വന്ന ഓട്ടോ ഡ്രൈവര്‍ ആണ് സുനീറിനെ ആശുപത്രിയില്‍ എത്തിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വെളുത്ത മാരുതി സിഫ്റ്റ് ഡിസയര്‍ കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തം.പക്ഷെ നമ്പര്‍ വ്യക്തമല്ല. വര്‍ഷോപ്പുകളില്‍ അടക്കം വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാറിനെക്കുറിച്ചോ അപമകടമുണ്ടാക്കിയവരെക്കുറിച്ചോ ഒരു തുമ്പും കണ്ടെത്താനായില്ല.നിര്‍മ്മാണ തൊഴിലാളിയെ സുനീര്‍ കിടപ്പിലായതോടെ കുടുംബം തീര്‍ത്തും ദുരിതത്തിലായി.

മരുന്നിന് തന്നെ നിത്യേന വലിയൊരു തുക ആവശ്യമായിവരും. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസം അടക്കം നടക്കുന്നത്. അന്വേഷണം തുടരുന്നു എന്നാണ് മലപ്പുറം പോലീസ് അറിയിക്കുന്നത്.