ദമസ്‌കസ്: സിറിയയിലെ രഹസ്യ ജയിലുകള്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നു. രഹസ്യ ജയിലുകള്‍ കണ്ടെത്താന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും തിരച്ചില്‍ നടത്തുകയാണ് വൈറ്റ് ഹെല്‍മറ്റ്‌സ്. ഹസ്യ ജയിലുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇവര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തടങ്കല്‍ കേന്ദ്രങ്ങളുടെയും രഹസ്യ ജയിലുകളുടെയും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 3000 ഡോളറാണ് സംഘടന വാഗ്ദാനം ചെയ്യുന്നത്. രഹസ്യ ജയിലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്. സിറിയയിലും തുര്‍ക്കിയിലും അടിയന്തര സേവനങ്ങള്‍ നല്‍കുന്ന സന്നദ്ധ സംഘടനയാണ് വൈറ്റ് ഹെല്‍മെറ്റ്‌സ്.

രാജ്യത്തെ നിരവധി ഭൂഗര്‍ഭ രഹസ്യ ജയിലുകളാണ് പ്രസിഡന്റ് അസദിന്റെ ഭരണം അവസാനിച്ചതോടെ വിമത സേന കണ്ടെത്തിയത്. ഇവിടെ അനധികൃതമായി തടങ്കലിലാക്കിയിരുന്ന ആയിരങ്ങളെ മോചിപ്പിക്കുകയും ചെയ്തു. ഇിയും കൂടുതല്‍ രഹസ്യ അറകളുണ്ടെന്നാണ് കണക്കു കൂട്ടുന്നത്. തടവിലാക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി കൂടുതല്‍ രഹസ്യ അറകള്‍ ഉണ്ടോയെന്നറിയാന്‍ വലിയ രീതിയിലുള്ള പരിശോധനയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതിഫലമടക്കം പ്രഖ്യാപിച്ചിട്ടുള്ളത്.

അസദിന്റെ ജയിലുകള്‍ കശാപ്പ് ശാലകളായിരുന്നുവെന്ന് വൈറ്റ് ഹെല്‍മെറ്റ്‌സ് തലവന്‍ റഈദ് അല്‍ സലാഹ് പറഞ്ഞു. ഈ ജയിലുകള്‍ക്കുള്ളില്‍ നരക ജീവിതമായിരുന്നു തടവുകാര്‍ അനുഭവിച്ചത്. ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജയിലുകളില്‍ അതിക്രൂരമായ പീഡനങ്ങളാണ് അഴിച്ചുവിട്ടിട്ടുള്ളത്. തങ്ങള്‍ കണ്ടെത്തിയ പലരുടെയും അവസ്ഥ വളരെ ദയനീയമാണ്. പലരുടെയും മനോനില തെറ്റിയിട്ടുണ്ട്. എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. ദിവസവും ഈ ജയിലുകളില്‍ ആളുകളെ കൊല്ലാറുണ്ട്. നിരവധി മൃതദേഹങ്ങളാണ് ഓവനില്‍നിന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ദമസ്‌കസ് നഗരത്തിലെ സെദ്‌നായിലുള്ള ജയിലില്‍ ദിവസവും 50 മുതല്‍ 100 പേരെയാണ് കൊല്ലുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചത്വരങ്ങളിലും വധശിക്ഷകള്‍ നടപ്പാക്കാറുണ്ട്. തിങ്കളാഴ്ച 50,000ത്തോളം പേരെയാണ് മോചിപ്പിച്ചത്. ഒന്നര ലക്ഷത്തോളം പേരെയാണ് പല സമയങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും അല്‍ സലാഹ് പറഞ്ഞു.

അസദിന്റെ സൈന്യം പിടികൂടിയ ഒരു ലക്ഷത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിലും പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വിവിധ രഹസ്യ ജയിലുകള്‍ കണ്ടെത്തിയതോടെ തങ്ങളുടെ ഉറ്റവരെ തേടി പലരും ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സെദ്‌നായ് ജയിലിന് മുമ്പില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയിട്ടുള്ളത്.