കൊച്ചി: നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ചേര്‍ന്ന് കൊച്ചി പുറംകടലില്‍നിന്ന് 200 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ ആറ് ഇറാന്‍ പൗരന്മാര്‍ക്കു തടവും പിഴയും ശിക്ഷ. അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഗനി, അബ്ദുല്‍ മാലിക് ഔസാര്‍ണി, റാഷിദ് ബാഗ്ഫര്‍ എന്നിവരെ 12 വര്‍ഷം കഠിന തടവിനും 1,75,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അര്‍ഷാദ് അലി, സുൈനദ് എന്നിവരെ 10 വര്‍ഷം തടവിനും 1,25,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണു പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്.

2022 സെപ്റ്റംബര്‍ ആറിന് കൊച്ചി പുറംകടലില്‍നിന്നു പിടികൂടിയ 'ആരിഫ് 2' എന്ന ഇറാനിയന്‍ മീന്‍പിടിത്ത ബോട്ടില്‍ ഉണ്ടായിരുന്നവരാണു പ്രതികള്‍. ഹെറോയിനു പുറമെ 400 ഗ്രാം ഒപ്പിയം, 15 ഗ്രാം ഹഷീഷ് എന്നിവയും അന്നു പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ലഹരിമരുന്നിന് 12001300 കോടി രൂപ വില വരുമെന്നാണു കണക്കാക്കിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലേക്കും അവിടെനിന്ന് ശ്രീലങ്കയിലേക്കും ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് ബോട്ടും അതിലുള്ളവരും പിടിയിലാകുന്നത്. ശ്രീലങ്കയില്‍നിന്ന് യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കും കുറച്ചു ഭാഗം ഇന്ത്യയിലേക്കും എത്തുന്നുണ്ട്.