വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാവ് പൊലീസുകാരെ ആക്രമിച്ചു. സംഭവത്തില്‍ എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. വൈക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കുലശേഖരമംഗലം വല്ലയില്‍ അല്‍ അമീര്‍(46), സീനിയര്‍ സിപിഒ ചേര്‍ത്തല അര്‍ത്തുങ്കല്‍ ചെത്തിക്കാരന്‍ പുരയില്‍ സി.ഒ.സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കാലിനു പരുക്കേറ്റ ഭാര്യയുമായി എത്തിയ യുവാവാണ് ആക്രമണം അഴിച്ചു വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം ബ്രഹ്‌മമംഗലം വടക്കേത്തറ അനീഷ്‌കുമാര്‍(45), ഭാര്യ ഷീന(40) എന്നിവരെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ട ഇവര്‍ പോലിസുകാരെ ആക്രമിക്കുക ആയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് അനീഷും വലതുകാലിനു പരുക്കേറ്റ് പ്ലാസ്റ്റര്‍ ഇട്ട ഭാര്യ ഷീനയും താലൂക്ക് ആശുപത്രിയില്‍ എത്തിയത്.

അന്വേഷണങ്ങള്‍ എന്നെഴുതിയ ഇരിപ്പിടത്തില്‍ ആളില്ലെന്ന് പറഞ്ഞ് അനീഷ് തന്നെയാണ് ആദ്യം ബഹളമുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. അനീഷ് പിന്നീട് ചീട്ട് എടുക്കുന്ന സ്ഥലത്ത് എത്തി. അസ്ഥിരോഗ വിദഗ്ധന്‍ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ വീണ്ടും ബഹളമുണ്ടാക്കി. ഇതോടെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ അല്‍ അമീറും ഇരുവരേയും ശാന്തരാക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസുകാരെയും സംഭവം കണ്ടുനിന്നവരെയും ചീട്ടു നല്‍കുന്ന ജീവനക്കാരെയും അനീഷ് അസഭ്യം വിളിച്ചു.

മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ ഉടന്‍ തന്നെ വൈക്കം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം പറഞ്ഞു. കുടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി അനീഷിനെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി. ഇതിനിടെ അനീഷ് തലകൊണ്ട് അല്‍ അമീറിനെ ആക്രമിക്കുകയായിരുന്നു. യൂണിഫോമിലെ ലൈന്‍ യാഡ് ഷീന വലിച്ചു പൊട്ടിക്കുന്നതിനിടെയാണ് സിപിഒ സെബാസ്റ്റ്യനു പരുക്കേറ്റത്. ഉടന്‍ തന്നെ ഇരുവരും ഇതേ ആശുപത്രിയില്‍ ചികിത്സ തേടി.

വൈകിട്ട് വൈദ്യപരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അനീഷ് വീണ്ടും ബഹളമുണ്ടാക്കി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.