- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കത്ത് ഫലം കണ്ടു; പൂമാല സ്‌കൂളിലെ പ്രഭാത ഭക്ഷണത്തിന് ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍: 108 ആദിവാസി വിദ്യാര്‍ഥികള്‍ക്കും അടുത്ത ദിവസം മുതല്‍ പ്രഭാതഭക്ഷണം
പൂമാല സ്‌കൂളിലെ പ്രഭാത ഭക്ഷണത്തിന് ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍
തൊടുപുഴ: ഒടുവില്‍ സര്‍ക്കാര്‍ ഫണ്ടായി. പൂമാല ഗവ. ട്രൈബല്‍ സ്‌കൂളിലെ 108 ആദിവാസി വിദ്യാര്‍ഥികള്‍ക്കും അടുത്തദിവസം മുതല്‍ പ്രഭാതഭക്ഷണം നല്‍കും. ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 17 ലക്ഷം രൂപ പഞ്ചായത്തിന് അനുവദിച്ചെന്നും ഇതില്‍നിന്ന് ആവശ്യമായ തുക പ്രഭാതഭക്ഷണ പരിപാടി പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ മാറ്റിവെക്കുമെന്നും വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി അറിയിച്ചു.
ഫണ്ടില്ലാത്തതിനാല്‍ പൂമാല സ്‌കൂളിലെ യു.പി, എല്‍.പി. വിഭാഗത്തിലുള്ള ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന 'അമൃതം'പദ്ധതി ആറ് മാസമായി മുടങ്ങിയിരുന്നു. ഇതോടെ സ്‌കൂളിലെ കുട്ടികളെല്ലാം കഷ്ടത്തിലായി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പലരും നിര്‍ധനരും വിദൂര ആദിവാസിഗ്രാമങ്ങളില്‍നിന്ന് വരുന്നവരുമാണ്. പലരും പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്‌കൂളില്‍ എത്തിയിരുന്നത്. അമൃതം പദ്ധതി ഇവര്‍ക്കൊരു ആശ്വാസമായിരുന്നു. എന്നാല്‍ ഭക്ഷണം മുടങ്ങിയതോടെ കുട്ടികള്‍ ദുരിതത്തിലായി.
പ്രഭാത ഭക്ഷണം നിലച്ചത് തങ്ങളെ ദുരിതത്തിലാക്കിയെന്നും എത്രയും പെട്ടെന്ന് പദ്ധതി പുനഃസ്ഥാപിക്കണമെന്നും സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതി. ഇത് വലിയ വാര്‍ത്ത ആയിരുന്നു.
തുടര്‍ന്ന് ഇടുക്കി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇടപെട്ട്, രാവിലെ തീരെ ഭക്ഷണം കഴിക്കാതെ വരുന്ന 30 കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കാനുള്ള നടപടിയെടുത്തു. ഇതിനായി കേരള ഗ്രാമീണ്‍ ബാങ്ക് കലയന്താനി ശാഖയുടെ സി.എസ്.ആര്‍. ഫണ്ടില്‍നിന്ന് 15000 രൂപയും അനുവദിച്ചു.
സ്‌കൂളില്‍ എല്‍.പി, യു.പി. ക്ലാസുകളിലായി 108 ആദിവാസി വിദ്യാര്‍ഥികളുണ്ട്. ബാക്കിയുള്ള 78 കുട്ടികള്‍ക്കും ഭക്ഷണം നല്‍കാന്‍ നടപടിയെടുക്കാത്തതിലും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗക്ഷേമ വകുപ്പുമന്ത്രിയെയും കണ്ടു. തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.




