ന്യൂഡല്‍ഹി: ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍ ജാതി പരിഗണിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടും. തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് അതിവ പ്രാധാന്യമുള്ള ഉത്തരവ്.

തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റികളായി വിനോദ് കുമാര്‍ എം പി, ദിലീപ് കെ, പ്രമോദ് ടി പി, ബാബു പി കെ എന്നിവരെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരായ ഹര്‍ജികളിലാണ് തീരുമാനം. കേസ് പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍ ജാതി പരിഗണിക്കരുത് എന്ന് നിര്‍ദേശിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതി വിധി പൂര്‍ണ്ണമായും ശരിവച്ചാല്‍ ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍നിന്ന് പിന്നാക്ക വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശ് ചൂണ്ടിക്കാട്ടി. പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍ തന്ത്രിയുടെ അഭിപ്രായം മാത്രം കേള്‍ക്കുക എന്ന വ്യവസ്ഥ പിന്നാക്ക വിഭാഗങ്ങളുടെ ഒഴിവാക്കലിന് വഴിവയ്ക്കുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും വാദിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി വിധി ശരിവയ്ക്കുക ആണെങ്കിലും പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍ ജാതി പരിഗണിക്കരുത് എന്ന് ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ദിലീപ് കെ, എഐഎസ് എഫ് ഭാരവാഹി ബാബു പി.കെ, എന്നിവര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരുടെയും നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ട്രസ്റ്റികള്‍ ആകാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിലപാട് സുപ്രീം കോടതി ശരിവച്ചു. മറ്റ് രണ്ട് പേരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി ശരിവച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ഈ നാല് പേരുടെയും ഭാവി നിയമനങ്ങളില്‍ ബാധിക്കരുത് എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ തിരുനാവായക്കടുത്തുള്ള ഭദ്രകാളി ക്ഷേത്രമാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം .മലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവ ങ്ങളിലോന്നാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട്.