കൊച്ചി: കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പില്‍ യൂണിയന്‍ പിടിച്ച് കെഎസ്‌യു. 31 വര്‍ഷത്തിന് ശേഷമാണ് കെഎസ്‌യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുന്നത്. ചെയര്‍മാനായി കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ രണ്ട് സീറ്റില്‍ മാത്രമായിരുന്നു കെഎസ്‌യുവിന്റെ വിജയം.

കുസാറ്റില്‍ ഒറ്റയ്ക്കാണ് കെഎസ്യു ഇത്തവണ മത്സരിച്ചത്. ചെയര്‍മാന്‍ സ്ഥാനമടക്കം 13 പോസ്റ്റുകളിലാണ് വിജയം. ഒരുപാട് കാലത്തെ കഷ്ടപ്പാടിനൊടുവിലാണ് ഈ വിജയമെന്നും ഇതൊരു ചരിത്രനിമിഷമാണെന്നും ചെയര്‍മാന്‍ കുര്യന്‍ ബിജു മീഡിയവണിനോട് പറഞ്ഞു.

നിരവധി വിദ്യാര്‍ഥികള്‍ അനുഭവിച്ച വേദനയ്ക്ക് കൈയും കണക്കുമില്ല. എസ്എഫ്‌ഐ അക്രമത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ഇന്ന് ഈ ക്യാംപസില്‍ ഇല്ലെന്നും കഴിഞ്ഞ 31 കൊല്ലം വിദ്യാര്‍ഥി വിരുദ്ധമായ യൂണിയനാണ് കുസാറ്റിലുണ്ടായിരുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതൊരു ചരിത്രദിവസമാണ്. കുസാറ്റിന് ഇനിയൊരു കെട്ടകാലമില്ല- കുര്യന്‍ ബിജു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വെറും ഒന്നോ രണ്ടോ വോട്ടിനാണ് കെഎസ്‌യുവിന്റെ കൈയില്‍നിന്നും യൂണിയന്‍ പോയതെന്നും എന്നിട്ടും ഏകാധിപത്യ ഭരണം തുടരുകയാണ് എസ്എഫ്ഐ ചെയ്തിരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. ഒരു വേര്‍തിരിവുമില്ലാത്ത വിദ്യാര്‍ഥി സൗഹൃദ യൂണിയനായിരിക്കും തങ്ങളുടേതെന്നും നേതാക്കള്‍ അറിയിച്ചു.