കൊച്ചി: കാക്കനാട് മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം പിന്നിലേക്ക് എടുത്തപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. ആലുവ സ്വദേശി അഹമ്മദ് നൂര്‍(28) ആണ് കൊല്ലപ്പെട്ടത്. കൊച്ചി മെട്രോയുടെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാം ഘട്ട പാതയുടെ നിര്‍മാണ സൈറ്റിലാണ് അപകടമുണ്ടായത്. കൊച്ചി മെട്രോയുടെ കാക്കനാട് സ്റ്റേഷന്റെ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറായിരുന്നു അഹമ്മദ് നൂര്‍.

വ്യാഴാഴ്ച ഉച്ചക്ക് 2.55-ഓടെ കാക്കനാട് മീഡിയ അക്കാദമിക്ക് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ഹിറ്റാച്ചി കൊണ്ട് മാറ്റുന്ന മണ്ണ് അവിടെ നിന്ന് നീക്കം ചെയ്യാനായാണ് അഹമ്മദ് ലോറിയുമായി എത്തിയത്. ലോറിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന അഹമ്മദ്, ഹിറ്റാച്ചി പുറകിലേക്ക് നീക്കുമ്പോള്‍, ഹിറ്റാച്ചിക്കും ലോറിക്കും ഇടയില്‍പെട്ടാണ് മരിച്ചത്. അഹമ്മദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെ.എംആര്‍എല്‍ അറിയിച്ചു.

മരണപ്പെട്ട വ്യക്തിയുടെ കുടംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്ന് കെഎംആര്‍എല്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.കെ. ജയകുമാര്‍ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ആവശ്യമായ സഹായം നല്‍കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആഭ്യന്തര അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അപകടം ഉണ്ടായ സാഹചര്യത്തില്‍ വര്‍ക്ക് സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കും. ഇതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രോജക്ട് വിഭാഗം ഡയറക്ടറുടെ നേതൃത്വത്തില്‍ എല്ലാ വര്‍ക്ക് സൈറ്റുകളിലും നേരിട്ട് പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും അപകടസാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നും കെ.കെ. ജയകുമാര്‍ വ്യക്തമാക്കി.