കോട്ടയം: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെയും അമ്മാവനെയും വീട്ടില്‍ അതിക്രമിച്ചുകയറി വെടുവച്ചുകൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യനെയാണ് (പാപ്പന്‍-52) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അനുജന്‍ രഞ്ജു കുര്യന്‍ (50), അമ്മയുെട സഹോദരന്‍ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് വെടിയേറ്റ് മരിച്ചത്.

കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (രണ്ട്) ജഡ്ജി ജെ. നാസറാണ് കേസ് പരിഗണിക്കുന്നത്. പ്രതിയുടെ അമ്മയും സഹോദരിയുമടക്കം 10 സാക്ഷികള്‍ കൂറുമാറിയ കേസിലാണ് പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞത്. 2022ലായിരുന്നു സംഭവം. വിദേശനിര്‍മിത തോക്കുമായെത്തിയ പ്രതി കുടുംബവീട്ടിലേക്ക് അതിക്രമിച്ചുകയറി. ഭക്ഷണമുറിയില്‍ സംസാരിച്ചിരുന്ന ഇരുവര്‍ക്കുംനേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് നിലത്തുവീണ അമ്മാവന്റെ നെറ്റിയില്‍ തോക്ക് ചേര്‍ത്തുവച്ച് വീണ്ടും വെടിവെച്ചു. വെടിയേറ്റ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അനുജന്‍ രഞ്ജുവിനെ പിന്നില്‍നിന്ന് വീണ്ടും വെടിവെച്ച് വീഴ്ത്തി. തോക്കിനൊപ്പം 50 തിരകളും പ്രതി കരുതിയിരുന്നു.

ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടറായ ബാലിസ്റ്റിക് വിദഗ്ധന്‍ നേരിട്ട് കോടതിയില്‍ ഹാജരായി കേസില്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടെ ഫോണില്‍നിന്നും, സംഭവം നടന്ന ദിവസത്തെ വാട്സാപ്പ് ചാറ്റുകളില്‍നിന്നും അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു . സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.എസ്. അജയന്‍, അഡ്വ. നിബു ജോണ്‍, അഡ്വ. സ്വാതി എസ്.ശിവന്‍ എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടിയും, അഡ്വ.ബി. ശിവദാസ് പ്രതിക്കുവേണ്ടിയും കോതിയില്‍ ഹാജരായി.