കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

കേസില്‍ കുറ്റപത്രം നല്‍കി ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകര്‍ 2018 ജൂണ്‍ എട്ടിനാണ് കൊലപ്പെടുത്തിയത്.

ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ - ക്യാമ്പസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ഉള്ളത്. സഹല്‍ ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.