കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിന് നേരേ ആക്രമണം. മുളന്തുരുത്തി സിഐ മനേഷ് പൗലോസിന്റെ മുഖത്തടി ഏറ്റു. മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മുളന്തുരുത്തി സ്വദേശി ഏബേല്‍ സജിക്കെതിരേ പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റു ചെയ്യും.

ഇരുവിഭാഗത്തിന്റെയും പെരുന്നാള്‍ പ്രദക്ഷിണദിനമായിരുന്നു വെള്ളിയാഴ്ച. ഓര്‍ത്തഡോക്‌സ് പക്ഷം ആരാധന നടത്തുന്ന മാര്‍ത്തോമ്മന്‍ പള്ളിയുടെ മുന്നിലൂടെ യാക്കോബായ പക്ഷം തങ്ങളുടെ ചാപ്പലിലേക്ക് പ്രദക്ഷിണമായി പോയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയത്. പ്രദക്ഷിണം കടന്നുപോകുന്ന സമയത്ത് മാര്‍ത്തോമന്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉച്ചത്തില്‍ വാദ്യോപകരണങ്ങളുപയോഗിച്ചു. പ്രദക്ഷിണം നടക്കുമ്പോള്‍ മറുവിഭാഗം വാദ്യോപകരണങ്ങളുപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ധാരണ. ഓര്‍ത്തഡോക്‌സ് പക്ഷം ഇത് ലംഘിച്ചതായി മുളന്തുരുത്തി എസ്.എച്ച്.ഒ. മനേഷ് പൗലോസിനോട് യാക്കോബായപക്ഷം പരാതിപ്പെട്ടു.

പ്രദക്ഷിണം കടന്നുപോകുമ്പോള്‍ 25 മിനിറ്റ് വാദ്യഘോഷങ്ങളടക്കം നിര്‍ത്തിവയ്ക്കണമെന്ന കരാര്‍ ലംഘിക്കരുതെന്ന് പള്ളിയിലെത്തി ഓര്‍ത്തഡോക്‌സ് പക്ഷത്തുള്ളവരോട് എസ്.എച്ച്.ഒ. അറിയിച്ചു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മുളന്തുരുത്തി സ്വദേശിയായ ഏബേല്‍ സജി സിഐ മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെയും ആക്രമിച്ചു.