ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ രൂപത്തില്‍ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്നു. കുഞ്ഞ് ഇപ്പോഴും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസതടസ്സത്തെ തുടര്‍ന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ ചികിത്സയിലിരിക്കേ, കഴിഞ്ഞദിവസം വാര്‍ഡിലേക്കു മാറ്റിയെങ്കിലും വീണ്ടും ശ്വാസതടസ്സമുണ്ടാകുകയായിരുന്നു.

അതേസമയം കുഞ്ഞ് ആണ്‍കുട്ടിയാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ ലിംഗനിര്‍ണയം സംബന്ധിച്ച പരിശോധനയില്‍ ആണ്‍കുട്ടിയെന്നു തെളിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആണോ പെണ്ണോ എന്നു തിരിച്ചറിയാനാകുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ലിംഗമേതെന്നറിയാത്തതിനാല്‍ 40 ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനു പേരിട്ടിരുന്നില്ല.

ജനിതകവൈകല്യം കണ്ടെത്താന്‍ നേരത്തേ സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഫലം ലഭിക്കാന്‍ ആറുമാസം കാത്തിരിക്കണം. അതുകൂടി കിട്ടിയാലേ ഏതുതരം ചികിത്സ തുടങ്ങണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അത്രയുംകാലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു ചികിത്സ നല്‍കും.