തൃശൂര്‍: തൃശൂര്‍ മേയര്‍ക്കെതിരായ സിപിഐ നേതാവ് വി.എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തെരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്ത് പ്രഗത്ഭനായ പാര്‍ലമെന്റേറിയനെന്ന് പറഞ്ഞയാളാണ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മേയറുടെ വസതിയിലെത്തി കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രതികരണം.

'ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ഒരാളാണ് മേയര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നേരിട്ടും അല്ലാതെയും പ്രവര്‍ത്തിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയര്‍ ആയിരിക്കുന്നയാളാണ് തൃശൂരിലുള്ളത്. ഇടതുപക്ഷത്തിന്റെ ചിലവില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്.

അങ്ങനെയുള്ള ഒരാളുടെ അടുത്തേക്ക് ബി.ജെ.പി അധ്യക്ഷന്‍ കേക്കുമായി ചെന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. വഴിതെറ്റി പോയതല്ലെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ട് എല്‍.ഡി.എഫ് അഡ്ജസ്റ്റ് ചെയ്തു പോകുകയാണ്. ആ അഡ്ജസ്റ്റുമന്റിനോട് എനിക്ക് യോജിക്കാനാവില്ല'. -വി.എസ് സുനില്‍കുമാര്‍ തുറന്നടിച്ചിരുന്നു.