തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും സ്ഥലംമാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്. രാജ്ഭവന്‍ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്.

നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും.ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.

പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും.

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി അഞ്ച് വര്‍ഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ് ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭരണതലത്തില്‍ സര്‍ക്കാറിനോടും നടുറോഡില്‍ മുഖ്യഭരണകക്ഷിയുടെ വിദ്യാര്‍ഥി വിഭാഗവുമായും ഏറ്റുമുട്ടിയാണ് അഞ്ച് വര്‍ഷത്തിലേറെ നീണ്ട കാലയളവ് പൂര്‍ത്തിയാക്കി ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്. പതിവ് ഗവര്‍ണര്‍മാരില്‍ നിന്ന് വ്യത്യസ്തമായി പരിപാടികള്‍ക്കെല്ലാം ഓടിനടന്ന് ജനകീയതയുടെ മുഖമണിയാനായി. എന്നാല്‍ സാധ്യമായിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റാനും ആരിഫ് ശ്രമിച്ചുവെന്ന ആക്ഷേപവും ഇദ്ദേഹത്തിനെതിരെയുണ്ട്. സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലില്‍ 14 സര്‍വകലാശാലകള്‍ക്ക് സ്ഥിരം വൈസ്-ചാന്‍സലര്‍മാരില്ലാത്ത സാഹചര്യവും ആരിഫ് സൃഷ്ടിച്ചുവെച്ചു.

ചുമതലയേറ്റതിന് പിന്നാലെ, പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വെടിപൊട്ടിച്ചാണ് ആരിഫ് കേരളയാത്ര തുടങ്ങിയത്. ഇതില്‍ പിന്നീട് സര്‍ക്കാറുമായി അനുനയം. എന്നാല്‍, തുടര്‍ന്നുള്ള ഇടവേളകളിലെല്ലാം സര്‍ക്കാറുമായി ഗവര്‍ണര്‍ ഏറ്റുമുട്ടി. ധനമന്ത്രിയായ കെ.എന്‍. ബാലഗോപാലിനുള്ള 'പ്ലഷര്‍' പിന്‍വലിക്കുന്ന അപൂര്‍വ നടപടിയും രാജ്ഭവനില്‍ നിന്നുണ്ടായി. സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ പാരമ്യതയിലെത്തിയതോടെയാണ് കണ്ണൂര്‍, കാലടി സര്‍വകലാശാല വി.സിമാര്‍ക്ക് പദവി നഷ്ടമായത്.

കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളില്‍ സംഘ്പരിവാര്‍ നോമിനികളെ കയറ്റിയത് വന്‍ വിവാദമായി. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഇറങ്ങിക്കളി തുടങ്ങിയതിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നു. നിലമേലില്‍ നടുറോഡിലിറങ്ങി പ്രതിഷേധിച്ച ഗവര്‍ണര്‍ തിരുവനന്തപുരത്തും സമാന രംഗമൊരുക്കി. ഒടുവില്‍ സി.ആര്‍.പി.എഫ് സുരക്ഷ വാങ്ങുന്ന ആദ്യ ഗവര്‍ണറുമായി ആരിഫ് മുഹമ്മദ്ഖാന്‍.

രാജ്ഭവനില്‍ പുതിയ നിയമനങ്ങള്‍ നടത്താനുള്ള നിര്‍ദേശത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചായിരുന്നു പ്രതിഷേധം. ഒടുവില്‍ കുറിപ്പെഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ അയഞ്ഞത്. സര്‍ക്കാറുമായുള്ള പിണക്കത്തില്‍ പലതവണ നയപ്രഖ്യാപന പ്രസംഗം തുടക്കവും ഒടുക്കവും വായിച്ച് ഗവര്‍ണര്‍ മടങ്ങി. മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ മുഖം കൊടുക്കാത്ത പരിപാടികളും ഏറെയുണ്ടായി. ഗവര്‍ണര്‍ രാജ്ഭവനിലൊരുക്കുന്ന വിരുന്നുകളും ചായസല്‍ക്കാരങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ ബഹിഷ്‌കരിച്ചിരുന്നു.