'ബാരിക്കേഡിന് പകരം റിബണ്‍.. ; ഒരു എംഎല്‍എയ്ക്ക് ഇതാണ് സ്ഥിതിയെങ്കില്‍....; വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ, മനുഷ്യ ജീവനേക്കാള്‍ ഞങ്ങള്‍ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു'കോഴിക്കോട്: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് പരിപാടിക്കിടെ തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ബാരിക്കേഡിന് പകരം റിബണ്‍..ഒരു എംഎല്‍എയ്ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണെന്ന് ഹരീഷ് പേരടി ചോദിച്ചു. ജനപ്രതിനിധി വീണ് ഗുരുതരമായി പരിക്കേറ്റിട്ടും പരിപാടി തുടര്‍ന്നതിനെതിനെയും ഹരീഷ് വിമര്‍ശിച്ചു. ചരിത്രത്തില്‍ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്...മനുഷ്യ ജീവനേക്കാള്‍ ഞങ്ങള്‍ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ബാരിക്കേഡിന് പകരം റിബണ്‍..ഒരു എംഎല്‍എയ്ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണ്...നാഴികക്ക് നാല്‍പ്പതുവട്ടം വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ..ഗിന്നസ് ബുക്കിലേക്ക് ഇതുകൂടെ നിങ്ങള്‍ എഴുതി ചേര്‍ക്കണം.'യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിപൊക്കിയ ഒരു വേദിയില്‍ നിന്ന് ഒരു ജനപ്രതിനിധി വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപ്രത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടും അവിടെ കുടിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷക്ക് പുല്ല് വില കല്‍പ്പിച്ച് ഞങ്ങള്‍ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി'..എന്ന് ...ചരിത്രത്തില്‍ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്...മനുഷ്യ ജീവനേക്കാള്‍ ഞങ്ങള്‍ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു.

18 അടിയോളം താഴ്ചയിലേക്കാണ് ഉമ തോമസ് വീണത്. ഉടന്‍ തന്നെ പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച ഉമ വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. തലയിടിച്ച് വീണതിനാല്‍ തലച്ചോറില്‍ രക്തസ്രാവമുണ്ട്. ശ്വാസകോശത്തില്‍ രക്തം കെട്ടിയ നിലയിലാണ്. നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും മുഖത്തെ അസ്ഥികള്‍ക്കും കാലിനും പരിക്കുണ്ട്. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,600 നര്‍ത്തകിമാര്‍ അണിനിരക്കുന്ന ഭരതനാട്യമായിരുന്നു പരിപാടി. വയനാട്ടിലെ മൃദംഗ വിഷന്‍ മാഗസീനായിരുന്നു സംഘാടകര്‍. നൃത്തപരിപാടി തുടര്‍ന്നത് ആക്ഷേപത്തിന് ഇടയാക്കി.