തിരുവനന്തപുരം: കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാടുകള്‍ സംവദിക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രതിഭകള്‍ നിയമസഭ പുസ്തകോത്സവത്തില്‍ അണിനിരക്കും. കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള ദേശീയ അന്തര്‍ദേശീയ പ്രമുഖര്‍ പ്രഭാഷകരായെത്തുന്നത്.

ആദ്യ ദിനത്തില്‍ ദേവദത്ത് പട്‌നായിക്കും ബൃന്ദാ കാരാട്ടുമാണ് ടോക്ക് സെഷന് തുടക്കമിടുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശശി തരൂര്‍ എം പി, വ്യവസായ മന്ത്രി പി രാജീവ്, ബോബി ജോസ് കട്ടിക്കാട്, എസ് എം വിജയാനന്ദ്, കൃഷ്ണകുമാര്‍, ജോസഫ് അന്നംകുട്ടി ജോസ്, എ എം ഷിനാസ് തുടങ്ങിയവര്‍ സംവദിക്കും.

ഒരു ജനാധിപത്യവാദിയുടെ ആകുലതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ത്യയുടെ സാഹിത്യ പൈതൃകത്തെക്കുറിച്ച് ഡോ കെ ശ്രീനിവാസ റാവുവും ആരോഗ്യ മേഖലയിലെ സാങ്കേതിക രംഗത്തെ മുന്നേറ്റത്തെക്കുറിച്ച് ഡോ സതീഷ് ബാലസുബ്രഹ്‌മണ്യവും സംസാരിക്കും. ഇന്ത്യയിലെ നവീകരിക്കപ്പെടുന്ന ജനാധിപത്യം : പഠിച്ച പാഠങ്ങള്‍ എന്ന വിഷയത്തില്‍ രാധാകുമാറും സിംഗിള്‍ മദേര്‍സ് ഇന്‍ ഇതിഹാസാസ് എന്ന വിഷയത്തില്‍ പ്രൊഫ. സി മൃണാളിനിയും പ്രഭാഷണം നടത്തും. വായനയേയും മാനസിക ആരോഗ്യത്തേയും മുന്‍നിര്‍ത്തി ഡോ ദിവ്യ എസ് അയ്യരും പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടവും സംസാരിക്കും.

വായനയാണ് ലഹരി എന്ന പ്രമേയത്തില്‍ ചിട്ടപ്പെടുത്തുന്ന പുസ്‌കോത്സവത്തില്‍ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചര്‍ച്ചകളും നടക്കും. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ക്ക് വേദിയാകും. ദിവസവും വൈകിട്ട് 7 മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.