മലപ്പുറം: കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രികര്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഹജ്ജിന് പോകുന്നവര്‍ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കണ്ണൂരിലും നെടുമ്പാശേരിയിലും കുറവാണ്. കരിപ്പൂരില്‍ നിരക്ക് കൂടിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്.

വിമാന കമ്പനികളുമായി ചര്‍ച്ചയും നടത്തി. നിരക്ക് കുറയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രത്യേക സമയങ്ങളില്‍ നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ പ്രയാസത്തിലാക്കുന്ന നടപടിയാണ് വിമാന കമ്പനികള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷവും കരിപ്പൂരില്‍ നിരക്ക് കൂടുതലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് ഇതിന് പരിഹാരംകണ്ടത്. ഇത്തവണയും ബന്ധപ്പെട്ടവരെ ശക്തമായ എതിര്‍പ്പ് അറിയിക്കും.

ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ അപലപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെയുള്ള ജനകീയ കൂട്ടായ്മയാണ് താനൂരില്‍ ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.