രാമപുരം: വിദേശജോലി വാഗ്ദാനംചെയ്ത് സഹോദരങ്ങളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് കാറ്റില്‍ ഷറഫുദ്ദീന്‍ (34) ആണ് രാമപുരം പോലീസിന്റെ പിടിയിലായത്. പലതവണകളിലായി വെളിയന്നൂര്‍ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയില്‍ ജോലിയും ഇയാളുടെ സഹോദരിക്ക് നഴ്സിങ് ജോലിയും വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.

ഇവരുടെ അക്കൗണ്ടില്‍നിന്ന് പലതവണകളിലായി ഗൂഗിള്‍ പേ വഴി ഷറഫുദ്ദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ വാങ്ങുകയായിരുന്നു. ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും ഇവരെ കബളിപ്പിച്ചതായാണ് കേസ്. രാമപുരം സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ. അഭിലാഷ് കുമാര്‍, എസ്.ഐ. സാബു ആന്റണി, എ.എസ്.ഐ. കെ.കെ. സജി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാനമായ നിരവധി പരാതികളുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡുചെയ്തു.