കോഴിക്കോട്: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആയതില്‍ ദുരൂഹത കണ്ട് പോലീസ്. വടകരയിലാണ് സംഭവം. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ന്റെ പരാതിയില്‍ ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പൊലീസ് കേസെടുത്തു.

അടുത്ത സുഹൃത്തുക്കളായ ഇരുവരും തിങ്കളാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കഴിക്കാനായി മഹേഷ് ബീഫുമായാണ് എത്തിയത്. മദ്യപിക്കുന്നതിനിടെ നിധീഷ് ബീഫ് കഴിച്ചു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞെങ്കിലും നിധീഷ് അത് തമാശയാണെന്നാണ് കരുതിയത്. തുടര്‍ന്ന് വീണ്ടും ബീഫ് കഴിക്കുകയും ചെയ്തു.

എന്നാല്‍ പിറ്റേദിവസം വയറുവേദന ഉള്‍പ്പെടെയുളള അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് നിധീഷ് ഓര്‍ക്കാട്ടേരിയിലെ ആശുപ്രതിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തിനാണ് ബീഫില്‍ എലിവിഷം ചേര്‍ത്തതെന്ന് വ്യക്തമല്ല.