പാപ്പിനിശ്ശേരി: അപകടത്തെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടപ്പോള്‍ പരുക്കേറ്റ് കിടന്ന വിദ്യാര്‍ത്ഥിയെ ആരും ശ്രദ്ധിച്ചില്ല. നടു റോഡില്‍ ചോരവാര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനായ പോളിടെക്‌നിക് വിദ്യാര്‍ഥി ദാരുണമായി മരിച്ചു. അടിയന്തര ചികിത്സ ലഭ്യമാകുമായിരുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിന് തൊട്ടരികിലായിരുന്നു 20കാരന്റെ മരണം. അപകടത്തെ ചൊല്ലി കാല്‍മണിക്കൂറോളം തര്‍ക്കം നടക്കുമ്പോള്‍ തലയില്‍നിന്ന് ഒഴുകിയ രക്തത്തിനൊപ്പം ദേശീയപാതയോരത്ത് അവന്റെ ജീവന്‍ പൊലിഞ്ഞത് ആരും ശ്രദ്ധിച്ചില്ല.

ഒടുവില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവന്‍ എന്നന്നേക്കുമായി ഈ ലോകം വിട്ടു പോയിരുന്നു. കല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനിയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥി കൊളച്ചേരി ചേലേരിയിലെ പി.ആകാശ് ആണ് മരിച്ചത്. ആകാശിന്റെ ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായകസമയമാണ് (സുവര്‍ണ നിമിഷങ്ങള്‍) തര്‍ക്കത്തിനിടെ നഷ്ടമായത്. ബസിടിച്ചല്ല മരണമെന്ന ബസ് ജീവനക്കാരുടെ നിലപാടാണ് സ്ഥലത്തുണ്ടായവരുമായി തര്‍ക്കത്തിനിടയാക്കിയത്. ഇതിനിടെ ചോരവാര്‍ന്ന് കിടന്ന ആകാശിന്റെ കാര്യം ആരും ശ്രദ്ധിച്ചില്ല.

പതിനഞ്ച് മിനുട്ടോളം ചോരവാര്‍ന്ന് റോഡില്‍ കിടന്നശേഷമാണ് ആകാശിനെ വഴിയാത്രക്കാര്‍ ചേര്‍ന്ന് സമീപത്തെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ചാണ് അപകടം. ബസ് ഡ്രൈവറെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ആകാശ് പഠിക്കുന്ന കോളേജിന് ഒന്നര കിലോമീറ്റര്‍ അകലെ വേളാപുരത്തേക്ക് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ പാപ്പിനിശ്ശേരി എല്‍.പി. സ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെ 9.15-നാണ് സംഭവം. കൊളച്ചേരി വളവില്‍ ചേലേരി തെക്കേക്കരയില്‍ ആകാശ് വിഹാറിലെ പരേതനായ എം.കെ.മധുസൂദനന്റെ മകനാണ്. അമ്മ: പി.സവിത. വെള്ളിയാഴ്ച രാവിലെ 9.30-ന് പോളിടെക്‌നിക് കോളേജില്‍ പൊതുദര്‍ശനത്തിനുശേഷം 10.30-ന് വീട്ടിലെത്തിക്കും. സംസ്‌കാരം 11.30-ന് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.