നെടുങ്കണ്ടം: മകന്‍ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തില്‍ പിതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാമക്കല്‍മേട് കുരുവിക്കാനത്തു പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) മരിച്ച കേസില്‍ പിതാവ് രവീന്ദ്രന്‍ നായരെ (79) കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണു സംഭവം. കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഗംഗാധരനെ നാട്ടുകാര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നെറ്റിയില്‍ ആയുധമുപയോഗിച്ചുള്ള അടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.

മൊഴികളില്‍ സംശയം തോന്നിയതോടെയാണു രവീന്ദ്രന്‍ നായരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. മദ്യപനായിരുന്ന ഗംഗാധരന്‍ നായരും പിതാവും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ രവീന്ദ്രന്‍ നായര്‍ മകനെ അടിക്കുകയായിരുന്നുവെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു. ഗംഗാധരന്‍ നായരുടെ സംസ്‌കാരം നടത്തി. അവിവാഹിതനാണ്.