അഞ്ചല്‍: കൊല്ലം ഏരൂരില്‍ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ ജഡം കുഴിച്ചിട്ടവര്‍ രാത്രി എത്തി പുറത്തെടുത്ത് ഇറച്ചിയാക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഏരൂര്‍ വിളക്കുപാറ സ്വദേശി ജോബിന്‍ ജോസഫാണ് വനംവകുപ്പിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ കറുപ്പയ്യ സുരേഷ് ഒളിവിലാണ്.

ഏരൂരില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതരെത്തി പന്നിയെ വെടിവെച്ച് കൊന്നത്. വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നിയമ പ്രകാരം തന്നെ ജഡം സംസ്‌കരിച്ചിരുന്നു. വിളക്കുപാറ സ്വദേശി ജോബിന്‍ ജോസഫ്, കറുപ്പയ്യ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പന്നിയുടെ ജഡം കുഴിച്ചു മൂടിയത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് എല്ലാവരും മടങ്ങി.

എന്നാല്‍ രാത്രിയോടെ ജോബിനും കറുപ്പയ്യ സുരേഷും ജഡം സംസ്‌കരിച്ച സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് കുഴിച്ചുമൂടിയ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി പങ്കിട്ടു. സംഭവം അറിഞ്ഞ അഞ്ചല്‍ റെയിഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പന്നിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കുഴിയില്‍ ഉണ്ടായിരുന്നത്. ജോബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പന്നി ഇറച്ചി കണ്ടെത്തി. പ്രതിയെ പിന്നാലെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി കറുപ്പയ്യ സുരേഷ് ഒളിവിലാണ്.