കോഴിക്കോട്: കൂടരഞ്ഞി പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും കൊന്നു തിന്നതായും കണ്ടിരുന്നു. ഇതോടെ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.

ക്യാമറകള്‍ അടക്കം സ്ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണു പുലി കെണിയിലായത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്തു മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ധാരാളം വളര്‍ത്തുമൃഗങ്ങളെയും പുലി കൊന്നിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധം ശക്തമായപ്പോഴാണ് പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചത്. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്നു ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പുലിക്ക് പരുക്കുണ്ടോയെന്നു പരിശോധിക്കും. പുലിയെ ഉടന്‍ താമരശേരി റേഞ്ച് ഓഫിസില്‍ എത്തിക്കുമെന്നാണ് വിവരം.