നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി. പനങ്കയം സ്വദേശി പത്തുരാന്‍ അലിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. കാട്ടുപോത്തിനെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച ലൈസന്‍സില്ലാത്ത നാടന്‍ തോക്കും ഇയാള്‍ ഹാജരാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യതതോടെയാണ് അലി കീഴടങ്ങിയത്.

2024 ജനുവരി 18നാണ് നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ഇയാള്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. ഇറച്ചിവെട്ടാനും വില്‍പ്പനക്കും സഹായിച്ചതിന്, അലിയുടെ സഹോദരന്‍ സുനീര്‍ ഉള്‍പ്പെടെ 11 പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.