- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ചക്കാരായി മാറി നില്ക്കാന് ഇനിയില്ല; മണിപ്പുഴ ക്ഷേത്രത്തില്‍ ഉത്സവം നടത്തിപ്പുകാരായി സ്ത്രീകള്‍
കാഴ്ചക്കാരായി മാറി നില്ക്കാന് ഇനിയില്ല; മണിപ്പുഴ ക്ഷേത്രത്തില്‍ ഉത്സവം നടത്തിപ്പുകാരായി സ്ത്രീകള്‍
തിരുവല്ല: ഉത്സവം പോലുള്ള വലിയ ആഘോഷങ്ങളിള്‍ കാഴ്ചക്കാരുടെ സ്ഥാനമാണ് സ്ത്രീകള്‍ക്ക് ഉള്ളത്. പാത്രം കഴുകലും പൂക്കളൊരുക്കലുമടക്കമുള്ള പിന്നാമ്പുറജോലികളാകും സ്ത്രീകളെ ഏല്‍പ്പിക്കുക. എന്നാല്‍, ഇത്തവണ ചരിത്രം മാറ്റി പിടിക്കാന്‍ ഒരുങ്ങുകയാണ് തിരുവല്ല മണിപ്പുഴ ക്ഷേത്രത്തിലെ ഉത്സവ കമ്മറ്റിക്കാര്. കാഴ്ചക്കാരില്‍ നിന്നും ഉ്ത്സവം നടത്തിപ്പുകാരിലേക്ക് ചുവടുമാറ്റുകയാണ് ഇത്തവണ ഇവിടുത്തെ പെണ്ണുങ്ങള്.
മണിപ്പുഴ പൊരുന്നനാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി നയിക്കുന്നത് സ്ത്രീകളാണ്. രക്ഷാധികാരിയും പ്രസിഡന്റും ജനറല്‍കണ്‍വീനറും ജോയിന്റ് കണ്‍വീനര്‍മാരുമെല്ലാം സ്ത്രീകള്‍തന്നെ. അവരെ സഹായിക്കാന്‍ പുരുഷന്മാര് ഉണ്ടെങ്കിലും പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകളാണ് ഇത്തവണ. വീടുകളില്‍ സംഭാവന ശേഖരിക്കാനിറങ്ങുന്നതും ഉച്ചഭാഷിണിക്ക് പോലീസ് അനുമതി എടുത്തതും വഴിപാട്, കലാപരിപാടി തുടങ്ങിയവ ബുക്കുചെയ്യുന്നതും സ്ത്രീകളുടെ മേല്‍നോട്ടത്തിലാണ്.
സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍കൂടിയായ ഗീതാ സുരേഷ് ആണ് കമ്മിറ്റി രക്ഷാധികാരി, നെടുമ്പ്രം പഞ്ചായത്ത് ആശാ വര്‍ക്കര്‍ ഉഷാ രമേശ് പ്രസിഡന്റ്. അധ്യാപികയായ ജി. ജയന്തി (വൈസ് പ്രസി), പൊതുപ്രവര്‍ത്തക മഞ്ജു പ്രദീപ് (കണ്). വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി അധ്യാപിക രോഹിണി (ഫിനാന്‍സ്), മുന്‍ ഗ്രാമപ്പഞ്ചായത്തംഗം രാജശ്രീ ശ്രീകുമാര്‍ (ഫുഡ്), അധ്യാപിക വി.നീത (പബ്ലിസിറ്റി), സ്മിത (പ്രോഗ്രാം), ശ്രീകല (പൂജ) തുടങ്ങിയവരും ഉണ്ട്. മറ്റ് കമ്മിറ്റിയംഗങ്ങളായും സ്ത്രീകളുണ്ട്.
പ്രധാന ഭാരവാഹികള്‍ക്ക് ഡ്രൈവിങ് അറിയാം. അതിനാല്‍ ഉത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്ക് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രണ്ട് സംഘങ്ങളായാണ് പിരിവിനും മറ്റും ഇറങ്ങുന്നത്. വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ് ഒരുസംഘം ഉച്ചവരെയും അടുത്തസംഘം ഉച്ചതിരിഞ്ഞുമാണ് ഇറങ്ങുക. ഉദ്യോഗസ്ഥരായ സ്ത്രീകള്‍ ജോലി കഴിഞ്ഞുവന്ന് ഇവരെ സഹായിക്കും. പുരുഷന്മാരുടെ സഹകരണവും ഉണ്ട്.
കിഴക്കുംമുറി, നടുവിലേമുറി, പടിഞ്ഞാറ്റുമുറി എന്നീ കരകളിലെ ചില കുടുംബങ്ങളാണ് ക്ഷേത്രം നോക്കിനടത്തുന്നത്. ആര്.എസ്.എസിന് സ്വാധീനമുള്ള പ്രദേശമാണ് മണിപ്പുഴ. സംഘടനയുടെ നൂറാംവാര്‍ഷികം പ്രമാണിച്ച് ആര്.എസ്.എസ്. പ്രാദേശിക നേതൃത്വമാണ് ഉത്സവകമ്മിറ്റിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചതെന്ന് ദേവസ്വംസെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍ പറഞ്ഞു.