ര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യക്ക് വരുമാനമുണ്ടെങ്കിലും അതിന്റെ പേരില്‍ അവര്‍ക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മാസവരുമാനമുണ്ടെന്നു ചൂണ്ടിക്കാട്ടി വീട്ടമ്മയ്ക്ക് ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശം നിഷേധിച്ച സംഭവത്തില്‍ പത്തനംതിട്ട കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹെക്കോടതിയുടെ ഇടപെടല്‍.

ജീവനാംശം തീരുമാനിക്കാന്‍ നിര്‍ദേശിച്ച് കേസ് കുടുംബക്കോടതിയിലേക്ക് മടക്കി. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെതാണ് ഉത്തരവ്. ഭര്‍ത്താവിനൊത്ത് ജീവിച്ചപ്പോഴുള്ള അതേ നിലവാരത്തില്‍ ജീവിക്കാന്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഒന്‍പത് ലക്ഷം രൂപ മാസവരുമാനവും വലിയ നിക്ഷേപവുമുള്ള ഭര്‍ത്താവില്‍നിന്ന് മകള്‍ക്കും തനിക്കുമായി മാസം 45,000 രൂപയാണ് ജീവനാംശമായി ഭാര്യ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഭാര്യക്ക് ജോലിയുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. മകള്‍ക്ക് പ്രായപൂര്‍ത്തിയായതും ചൂണ്ടിക്കാണിച്ചിരുന്നു.

ഭാര്യയുടെ ജോലി താത്കാലികമാണെന്ന് കോടതി വിലയിരുത്തി. തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. ജീവിക്കാന്‍ അതു മതിയാകില്ലെന്ന് അവര്‍ പറയുന്നതിനാല്‍ ഭര്‍ത്താവില്‍നിന്നുള്ള ജീവനാംശത്തിനുള്ള അവകാശം നിഷേധിക്കാനാവില്ല. കുട്ടി പ്രായപൂര്‍ത്തിയായ ആളാണ് എന്നത് ഭര്‍ത്താവില്‍നിന്നു ജീവനാംശം ആവശ്യപ്പെടുന്നതിന് ഭാര്യക്ക് തടസ്സമാകുന്നില്ല. ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് നിയമപ്രകാരം വിവാഹം കഴിക്കുന്നതുവരെ മകള്‍ക്ക് ജീവനാംശം നല്‍കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ട്.

ഭര്‍ത്താവിന് വരുമാനമുണ്ടാക്കാനുള്ള ശേഷിയുണ്ട്. കുടുംബം പോറ്റാന്‍ കഴിയില്ലെന്നും നിയമപരമായ ചുമതലകള്‍ നിറവേറ്റാനാവില്ലെന്നും തെളിയിക്കേണ്ടത് ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.