കണ്ണൂര്‍: സംസ്ഥാനത്ത് രാത്രിയില്‍ നല്ല തണുപ്പ്. രാജ്യത്തേറ്റവും കൂടിയ ചൂട് രേഖപ്പെടുത്തുന്ന കണ്ണൂരിലുള്‍പ്പെടെ രാത്രിയില്‍ നല്ല തണുപ്പാണ്. രാത്രി 16 മുതല്‍ 19 വരെ ഡിഗ്രി സെല്‍ഷ്യസായി വിവിധഭാഗങ്ങളില്‍ ഇത് താഴ്ന്നു. പുലര്‍ച്ചെയാണ് താപനില തീരെ താഴുന്നത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും രാത്രിയിലും പകലുമുള്ള താപനിലയില്‍ വലിയ വ്യത്യാസമുണ്ട്. അനൗദ്യോഗിക കണക്കുകകള്‍ പ്രകാരം സംസ്ഥാനത്ത് പലയിടങ്ങളിലും കണ്ണൂരിലേതിനേക്കാള്‍ ചൂട് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേരളത്തിനുമുകളില്‍ മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമാണുണ്ടാവാറ്. ഇതാണ് പകല്‍ ചൂട് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. സൂര്യപ്രകാശം ഭൂമിയുടെ ഉപരിതലത്തില്‍ നേരിട്ടെത്തുന്നതോടെ (ഇന്‍കമിങ്ങ് സോളാര്‍ റേഡിയേഷന്‍) അന്തരീക്ഷത്തില്‍ കൂടിയ ചൂട് അനുഭവപ്പെടും. അള്‍ട്രാവയലറ്റ് രശ്മികള്‍ക്കും അതനുസരിച്ച് തീവ്രതകൂടിയത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയുമുണ്ട്. എട്ടുമുതല്‍ 10 വരെയാണ് വിവിധ കാലാവസ്ഥാ വെബ്സൈറ്റുകള്‍ നല്‍കുന്ന വിവരമനുസരിച്ച് കേരളത്തിലെ അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ്. ഇത് വളരെ ഉയര്‍ന്നതാണ്. മൂന്നുമുതല്‍ അഞ്ചുവരെയാണ് സാധാരണനില. മേഘങ്ങളില്ലാത്തതിനാല്‍ത്തന്നെയാണ് രാത്രി താപനില കുറഞ്ഞ് തണുപ്പ് അനുഭവപ്പെടുന്നതും.

ചൂടായി കിടക്കുന്ന ഭൂമിയില്‍നിന്നുള്ള ഔട്ട്ഗോയിങ്ങ് ലോങ്ങ് വേവ് റേഡിയേഷന്‍ കൂടുന്നതിനാലാണിത്. രാത്രി താഴ്ന്ന താപനില കുറയാനും പകല്‍ ഉയര്‍ന്ന താപനില കൂടാനും മേഘങ്ങളില്ലാത്ത അവസ്ഥയാണ് കാരണമെന്ന് തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രം ഡയറക്ടറുടെ ചുമതല വഹിക്കുന്ന ശാസ്ത്രജ്ഞ ഡോ. വി.കെ. മിനി പറഞ്ഞു. 30 വര്‍ഷത്തെ ശരാശരിയുമായി തട്ടിച്ചുനോക്കിയാല്‍ താപനില ഉയരുന്നുവെന്നുതന്നെയാണ് കാലാവസ്ഥാനിരീക്ഷകരുടെ അഭിപ്രായം. ഏറ്റവും ചൂട് കൂടിയ വര്‍ഷമായി കണക്കാക്കിയ 2024-ല്‍നിന്ന് ഒട്ടും വ്യത്യസ്തമാവില്ല ഈ വര്‍ഷമെന്നും അവര്‍ കരുതുന്നു.