കോട്ടയം: ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിന്‍സന്‍ - നിഷ ദമ്പതികളുടെ മകന്‍ ജിജോമോന്‍ ജിന്‍സണ്‍ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം.

എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം.

കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന വാന്‍ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തെറിച്ചു വീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിജോമോന്റെ സഹോദരിമാര്‍: ദിയ, ജീന