കൊച്ചി: കോടതി മുറ്റത്തുവെച്ച് കൈ വിലങ്ങഴിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതി പരിസരത്തുവെച്ചാണ് സംഭവം. മോഷണക്കേസിലെ പ്രതികളായ ആസാം സ്വദേശികളാണ് രക്ഷപെടാന്‍ ശ്രമിച്ചത്.ആസാം സ്വദേശികളായ പ്രസാന്‍ ഭോറ, ബിലാല്‍ എന്നിവരാണ് ഓടി രക്ഷപെടാന്‍ ശ്രമിച്ചത്.

ഒരാളെ കോടതി മുറ്റത്തു നിന്ന് തന്നെ പിടികൂടി. കോടതിയുടെ പിന്നാമ്പുറത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞ രണ്ടാമന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മോഷണക്കേസില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലിസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമ്പോഴാണ് രക്ഷപെടാന്‍ ശ്രമിച്ചത്.

അതിഥി തൊഴിലാളികളായി കേരളത്തില്‍ എത്തിയ ഇരുവരും പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. വയറിങ് ചെമ്പു കമ്പികള്‍ മോഷ്ടിക്കുകയായിരുന്നു പതിവ്. തൃക്കാക്കരയ്ക്കടുത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെ വയറിങ് സാമഗ്രികളാണ് മോഷ്ടിച്ചത്. പിന്നീട് ആലുവ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്.

ഇരു പ്രതികളുടെയും കൈവലിങ്ങ് പരസ്പരം ബന്ധിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രക്ഷപെടാനുളള തന്ത്രം പ്രതികള്‍ മുന്‍കൂട്ടി ആസുത്രണം ചെയ്തിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തന്നെ കൈവിലങ്ങ് അഴിച്ചാണ് ഓടിപ്പോയത്. എന്നാല്‍ അവിടെ വെച്ചു തന്നെ പിടിയിലാവുകയും ചെയ്തു.