ചെന്നൈ: പാമ്പനിലെ പുതിയ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫെബ്രുവരി 11-ന് തമിഴ്നാട്ടിലെ തൈപ്പൂയ ആഘോഷദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പ്പാലത്തിന്റെ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയായതാണ്. പാലം പരിശോധിച്ച റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ചില ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഉദ്ഘാടനം നീണ്ടുപോയത്. റെയില്‍വേ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയില്‍നിന്ന് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ഒരു യാത്രാ തീവണ്ടി ആളെ ഇറക്കിയ ശേഷം പാലം കടന്ന് അറ്റകുറ്റപ്പണിക്കായി രാമേശ്വരത്തെത്തി. അതിനു ശേഷം തീരരക്ഷാ സേനയുടെ കപ്പലിന് വഴിയൊരുക്കുന്നതിനായി പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനം ഉയര്‍ത്തുകയും ചെയ്തു.