തിരുവനന്തപുരം: നെടുമങ്ങാട്ട് പാതയോരത്ത് ഉറങ്ങിയിരുന്ന മോളി എന്ന അനാഥസ്ത്രീയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെയും കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപവീതം പിഴയ്ക്കും ശിക്ഷിച്ചു. നെടുമങ്ങാട് കരിപ്പൂര് തെക്കുംകര പറങ്ങോട് കോളനിയില്‍ രാജേഷ്, ചെല്ലാംകോട് പാളയത്തുമുകള്‍ കോളനിയില്‍ അനില്‍കുമാര്‍ എന്നിവരെയാണ് അഞ്ചാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിജു ഷേഖാന്‍ ശിക്ഷിച്ചത്.

മോളി പലപ്പോഴും രാത്രി കഴിച്ചുകൂട്ടിയിരുന്നത് നെടുമങ്ങാട് മുനിസിപ്പാലിറ്റിക്കു സമീപമുള്ള കടയുടെ മുന്നിലാണ്. മറ്റൊരു സ്ത്രീയും ഇവര്‍ക്കൊപ്പമുണ്ടാകാറുണ്ടായിരുന്നു. പ്രതികള്‍ കൂടെയുണ്ടായിരുന്ന സ്ത്രീയെ അടിച്ചോടിച്ചശേഷം മോളിയെ ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചു. വഴങ്ങാത്തതിനു മര്‍ദിക്കുകയും മുനിസിപ്പാലിറ്റി പാര്‍ക്കിങ് ഏരിയയ്ക്കു സമീപമുള്ള പടിക്കെട്ടില്‍നിന്നു സമീപത്തെ കനാലിലേക്കു തള്ളിയിടുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. 2011 സെപ്റ്റംബര്‍ 14നായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.എസ്.രാജേഷ് ഹാജരായി.