തിരുനെല്ലി: കോട്ടയൂരില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാട് ചത്തു. മറ്റൊരാടിന് ഗുരുതര പരിക്ക്. ഇന്ന്(ഞായര്‍) പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കോട്ടിയൂര്‍ കാരമാട് അടിയ ഉന്നതിയിലെ രതീഷിന്റെ മുന്നുമാസം ഗര്‍ഭിണിയായ ആടാണ് ചത്തത്. കോട്ടിയൂര്‍ അടിയ ഉന്നതിയിലെ കരിയന്റെ രണ്ട് വയസ്സുള്ള ആടിനെ പുലി ഗുരുതരമായി പരിക്കേല്‍പ്പിച്ചു.

കരിയന്റെ വീട്ടില്‍ ആട്ടിന്‍കൂട്ടില്‍ നിന്ന് കരച്ചില്‍ കേട്ട വീട്ടുകാര്‍ ലൈറ്റിട്ട് ഒച്ചവച്ചതിനാല്‍ ആടിനെ പുള്ളിപ്പുലിക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 200 മീറ്റര്‍ ദൂരത്തിലാണ് രണ്ടു സംഭവവും നടന്നത്. പ്രദേശത്ത് ആന ഇറങ്ങിയതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും ആക്രമണമുണ്ടാകാന്‍ ഇടയാക്കിയത്.

ജനവാസ മേഖലയിലെ പുലിയുടെ സ്ഥിരം സാന്നിധ്യം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വിഷയം വന പരിപാലകരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.