വാഷിങ്ടണ്‍: അമേരിക്കയില്‍ പറന്നുയരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു. തീ പടരുന്നത് കണ്ട് യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചെങ്കിലും അപകടം ഉണ്ടാവും മുന്നേ എല്ലാവരേയും സുരക്ഷിതമായി പുറത്തിറക്കി. ഞായറാഴ്ച രാവിലെ എട്ടരയോടെ ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.

ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനൊരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ എന്‍ജിനാണ് തീപിടിച്ചത്. നൂറിലധികം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഹൂസ്റ്റണില്‍നിന്ന് പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് എന്‍ജിനുകളില്‍ ഒന്നിന് തീപിടിച്ചെന്ന വിവരം ക്രൂവിന് ലഭിക്കുന്നതെന്നും റണ്‍വേയില്‍ ഇരിക്കെത്തന്നെ ഉടന്‍ ടേക്ക് ഓഫ് നിര്‍ത്തിയെന്നും എയര്‍ലൈന്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ എന്‍ജിനുകളില്‍ ഒന്നില്‍നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് കാണാം. ഭയചകിതരായ യാത്രക്കാര്‍, വിമാനത്തില്‍നിന്ന് തങ്ങളെ പുറത്തിറക്കാന്‍ ആവശ്യപ്പെടുന്നതും കേള്‍ക്കാം.

വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള മറ്റൊരു വിമാനം യാത്രയ്ക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്തു.