ആലപ്പുഴ: വീടിനു സമീപത്തെ സഹകരണ ബാങ്കിലെത്തി മുക്കുപണ്ടം പണയം വെച്ച കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. ആര്യാട് പഞ്ചായത്ത് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അവലൂക്കുന്നു തെക്കേവീട്ടില്‍ അജിത്ത് മോനെ (30) ആണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എംകെ രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.

വീടിനു സമീപത്തെ സ്ഥാപനമായതിനാല്‍ ഇയാള്‍ക്ക് ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനും വളരെ വേഗം കബളിപ്പിക്കാനും കഴിഞ്ഞിരുന്നു. എസ് ഐമാരായ ജേക്കബ്, കൃഷ്ണലാല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സമാനകേസില്‍ ആറു മാസം മുന്‍പ് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പ്രതി കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.