തിരുവനന്തപുരം: എഐ, റോബോട്ടിക്സ്, ഐഒടി തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകള്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിചയപ്പെടുത്തുന്നതിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വിന്യസിച്ചുവരുന്ന 29,000 റോബോട്ടിക് കിറ്റുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും, ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പും ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കും.

ഫെബ്രുവരി 8-ന് രാവിലെ 10.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസില്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി.ടി സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

2022-ല്‍ വിതരണം പൂര്‍ത്തിയാക്കിയ 9,000 റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെയാണ് ഈ വര്‍ഷം കമ്പനികളുടെ സി.എസ്.ആര്‍ സേവനം കൂടി പ്രയോജനപ്പെടുത്തി കൈറ്റ് 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി എല്ലാ സര്‍ക്കാര്‍-എയിഡഡ് ഹൈസ്‌കൂളുകള്‍ക്കും ലഭ്യമാക്കിയത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 8,475 ഉം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 4,615 ഉം ടെക്നോപാര്‍ക്കിലെ ക്യൂബര്‍സ്റ്റ് ടെക്നോളജീസും കാനറാ ബാങ്കും 1,000 വീതവും റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി.

സ്‌കൂളുകളില്‍ വിന്യസിക്കുന്ന ഓപണ്‍- ഹാര്‍ഡ്വെയര്‍ അധിഷ്ഠിത റോബോട്ടിക് കിറ്റുകളില്‍ ആര്‍ഡിനോ യൂനോ ആര്‍ 3, എല്‍ ഇ ഡികള്‍, മിനി സര്‍വോ മോട്ടോര്‍, എല്‍ഡിആര്‍, ലൈറ്റ്, ഐആര്‍ സെന്‍സര്‍ മൊഡ്യൂളുകള്‍, ബ്രെഡ് ബോര്‍ഡ്, ബസര്‍ മൊഡ്യൂള്‍, പുഷ് ബട്ടണ്‍ സ്വിച്ച്, റെസിസ്റ്ററുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. 1,000 രൂപയില്‍ താഴെ ചെലവ് വരുന്ന കിറ്റിന്റെ ഘടകങ്ങള്‍, വാറണ്ടി കാലയളവിന് ശേഷം പ്രത്യേകം വാങ്ങുന്നതിനും സ്‌കൂളുകള്‍ക്ക് അവസരമുണ്ട്. ട്രാഫിക് സിഗ്‌നല്‍, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇവിഎം, കാഴ്ച പരിമിതര്‍ക്കുള്ള വാക്കിംഗ് സ്റ്റിക്ക് തുടങ്ങി പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ തയ്യാറാക്കാന്‍ ഇതുവഴി കുട്ടികള്‍ക്ക് അവസരം ലഭിക്കും. കൂടാതെ ഇതിനായി പ്രോഗ്രാമിംഗ് പരിശീലിക്കുന്നത് അവരിലെ യുക്തിചിന്ത, പ്രശ്ന നിര്‍ദ്ധാരണ ശേഷി തുടങ്ങിയവ വളര്‍ത്താനും ഉപകരിക്കും.

ഈ വര്‍ഷം ലിറ്റില്‍ കൈറ്റ്സിന്റെ സ്‌കൂള്‍തലത്തില്‍ പങ്കെടുത്ത ഒന്‍പതാം ക്ലാസിലെ 66,737 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 15,668 കുട്ടികള്‍ സബ്ജില്ലാ തലത്തിലും 1,253 കുട്ടികള്‍ ജില്ലാതലത്തിലും ക്യാമ്പുകളില്‍ പങ്കെടുത്തു. ജില്ലാതല ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 123 കുട്ടികളാണ് ഫെബ്രുവരി 8, 9 തീയതികളില്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ആദ്യ ദിവസം സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പ്രഹ്‌ളാദ് വടക്കേപ്പാട്ട്, മീഡിയാ കണ്‍സല്‍ട്ടന്റ് സുനില്‍ പ്രഭാകര്‍, ഹിബിസ്‌കസ് മീഡിയ ഡിസൈന്‍ എംഡി മധു കെ.എസ് തുടങ്ങിയവര്‍ കുട്ടികളോട് സംവദിക്കും. ഡ്രോണ്‍ ടെക്നോളജി, അസിസ്റ്റീവ് ടെക്നോളജി, 3ഡി പ്രിന്റിംഗ്, മീഡിയ പ്രൊഡക്ഷന്‍ ഹൗസ്, അനിമേഷന്‍ ഹൗസ് തുടങ്ങിയവ കുട്ടികള്‍ ക്യാമ്പിന്റെ ഭാഗമായി സന്ദര്‍ശിക്കും. കുട്ടികള്‍ തയ്യാറാക്കിയ അനിമേഷനുകള്‍ പ്രദര്‍ശിപ്പിക്കും. രണ്ടാം ദിവസം ബയോ ഇന്‍ഫൊര്‍മാറ്റിക്സ് വിദഗ്ധന്‍ ഡോ.അച്യുത് ശങ്കര്‍ എസ് നായരും അനിമേഷനെക്കുറിച്ച് പ്രസിദ്ധ അനിമേറ്റര്‍മാരായ ഫെലിക്സ് ദേവസ്യ, സുധീര്‍ പി.വൈ തുടങ്ങിയവരും കുട്ടികളുമായി സംവദിക്കും.