കോഴിക്കോട്: സ്‌കൂള്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ ഇന്ന് പുലര്‍ച്ചെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് നിന്നും ഇന്നു രാവിലെ 4.30 ഓടെയാണ് അധ്യാപകരെ കസ്റ്റഡിയില്‍ എടുത്തത്. എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് രണ്ട് അധ്യാപകരെ കസ്റ്റഡിയിലെടുത്തത്.

പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി ഇവര്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തി യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. 2017 ല്‍ തുടങ്ങിയ ചാനലിന്റെ വ്യൂവര്‍ഷിപ്പില്‍ വന്‍ വര്‍ധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷമാണ്. മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. കഴിഞ്ഞദിവസങ്ങളിലെ 10, പ്ലസ് വണ്‍ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ക്രമനമ്പര്‍ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് 2 ലക്ഷത്തോളം പേരാണു കണ്ടത്.