- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി ടിക്കറ്റ്; വരുമാനം 12,712 കോടി രൂപ: സമ്മാനമായി നല്‍കിയത് 7110 കോടി
മലപ്പുറം: ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിനുകിട്ടിയത് 12,711.92 കോടി രൂപ. ഇതില്‍ 7110 കോടി രൂപ സമ്മാനയിനത്തില്‍ നല്‍കി. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ വരുമാനത്തില്‍ 242 കോടി രൂപയുടെ വര്‍ധനയുണ്ട്. സമ്മാനവിതരണത്തില്‍ 148 കോടി രൂപയുടെ വര്‍ധനയും.
2023-ല്‍ വിറ്റുവരവ് 12,470.08 കോടിയായിരുന്നു. സമ്മാനമായി നല്‍കിയത് 6,962.36 കോടിയും. വിന്‍വിന്‍, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിര്‍മല്‍, അക്ഷയ എന്നീ ദൈനംദിന ഭാഗ്യക്കുറികളിലൂടെയും വിഷു, ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെയുമുള്ള വരുമാനത്തിന്റെയും സമ്മാനവിതരണത്തിന്റെയും കണക്കാണിത്. ഭാഗ്യാന്വേഷികള്‍ കൂടുതലും പാലക്കാടാണ്. ഭാഗ്യശാലികള്‍ തിരുവനന്തപുരത്തും.
കാക്കനാട്ടെയും വട്ടിയൂര്‍ക്കാവിലെയും കേന്ദ്രങ്ങളിലൂടെ 12 അക്ക സീരീസില്‍ 1.08 കോടി ടിക്കറ്റുകളാണ് ഓരോ ഭാഗ്യക്കുറിക്കുമായി അച്ചടിക്കുന്നത്. വരുമാനം കൂടിയതിനെ കേരള ലോട്ടറിയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമായി കാണുന്നു. മിക്ക ദിവസങ്ങളിലും ടിക്കറ്റുകള്‍ തികയാത്ത സാഹചര്യം അതാണ് തെളിയിക്കുന്നതെന്നും മലപ്പുറം ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി. ക്രിസ്റ്റഫര്‍ പറഞ്ഞു.