കാസര്‍കോട്: സംസ്ഥാനത്ത് പഴ വിപണി കുതിച്ചുയരുന്നു. ഉത്പാദനം കുറഞ്ഞതോടെ നേന്ത്രപ്പഴത്തിന്റെ വില സര്‍വകാല റെക്കോഡിലേക്കുയര്‍ന്നിരിക്കുക ആണ്. കിലോയ്ക്ക് 50-നും 70-നും ഇടയില്‍ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 80 മുതല്‍ 95 വരെയാണ് പൊതുവിപണിയിലെ വില. നാട്ടിന്‍പുറങ്ങളില്‍ ചിലയിടങ്ങളില്‍ കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന നേന്ത്രപ്പഴം കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. കൃഷിയിടങ്ങളില്‍ വിളവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിക്കുന്ന പഴങ്ങളാണ് ലഭിക്കുന്നതിലേറെയും. നാടന്‍പഴങ്ങള്‍ എത്താത്തതും വിപണി വില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിനൊപ്പം ഇതര പഴവര്‍ഗങ്ങളുടെയും വില വര്‍ധിച്ചിട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന റംസാന്‍ വിപണി ലക്ഷ്യമിട്ടാണ് പഴവര്‍ഗങ്ങളുടെ വില കൂടുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

മൊത്ത വിപണിയില്‍ നേന്ത്രപ്പഴത്തിന് 60 മുതല്‍ 70 രൂപവരെയാണ് കിലോയ്ക്ക് വില. കദളിപ്പഴത്തിനും വില വര്‍ധിച്ചിട്ടുണ്ട്. മൈസൂര്‍പ്പഴം കിലോയ്ക്ക് 60 രൂപയ്ക്കാണ് ലഭിക്കുന്നത്. നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം-പച്ചക്കറി വ്യാപാരികള്‍ പറയുന്നത്. 2023-ല്‍ ഇതേ കാലയളവില്‍ നേന്ത്രപ്പഴത്തിന് 70 വരെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണവിപണിയില്‍ കിലോയ്ക്ക് 60-65 നിരക്കില്‍ പഴം ലഭിച്ചിരുന്നു. കേരളത്തിലേക്ക് പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂര്‍, ഈറോഡ്, പൊള്ളാച്ചി ജില്ലകളില്‍നിന്നും കര്‍ണാടകയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നുമാണ്. ഇവിടങ്ങളിലും ഉത്പാദനത്തില്‍ ഇടിവുണ്ടായതായതോടെ പഴങ്ങളെത്തുന്നില്ല. ഇതാണ് വിലവര്‍ധനക്കിടയാക്കിയതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.