കൊല്ലം: രണ്ടര സെന്റ് വസ്തു അളന്ന് തിരിക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങവേ കൊല്ലം താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാര്‍ വിജിലന്‍സിന്റെ പിടിയില്‍. കൊല്ലം അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ് വസ്തു അളന്ന് തിരിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം കൊല്ലം താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

വസ്തു അളക്കുന്നതിന് താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറിനെ പല പ്രാവശ്യം നേരില്‍ കണ്ടിട്ടും വസ്തു അളക്കാന്‍ കൂട്ടാക്കിയില്ല.ഇക്കഴിഞ്ഞമാസം 15ാം തീയതി സര്‍വ്വേയറെ വീണ്ടും നേരില്‍ കണ്ടപ്പോള്‍ 3,000 രൂപ കൈക്കൂലി നല്‍കിയാല്‍ വസ്തു അളക്കാന്‍ വരാമെന്ന് പറഞ്ഞു.

തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് ഇന്ന് രാവിലെ 11:30 മണിയോടുകൂടി വസ്തു അളന്ന ശേഷം അവിടെ വച്ചു തന്നെ പരാതിക്കാനില്‍ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങവേ കൊല്ലം താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറിനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.