ചങ്ങനാശേരിL മോഷണക്കേസിലെ പ്രതിയെ 29 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ വീട്ടില്‍ മധുവിനെയാണു (ശോഭരാജ് 56) ചങ്ങനാശേരി പൊലീസ് പിടികൂടിയത്. ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി കൊല്ലത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരവെയാണ് പ്രതി പിടിയിലാവുന്നത്.

1996ല്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു സ്വര്‍ണവും സ്റ്റീരിയോ സെറ്റും മോഷ്ടിച്ച കേസില്‍ ചങ്ങനാശേരി പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം ഒളിവില്‍ പോകുകയായിരുന്നു. നാട്ടിലെ സുഹൃത്തുക്കളുടെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം ഭാഗത്തുള്ളതായി പൊലീസിനു വിവരം ലഭിച്ചു. എന്നാല്‍ ബന്ധുക്കളുമായി ബന്ധപ്പെടാതിരുന്നത് സംശയത്തിനിടയാക്കി.

തുടര്‍ന്ന് നാലു മാസം നിരീക്ഷിച്ചതിനു ശേഷമാണ് ഒളിവില്‍ പോയ മധു തന്നെയാണ് കൊല്ലത്തെ ഓട്ടോ ഡ്രൈവറെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ചങ്ങനാശേരി സ്റ്റേഷന്‍ എസ്‌ഐ ജെ.സന്ദീപ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ജയകുമാര്‍, സി.ദിലീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.