ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രണയം നടിച്ച് യുവതികളില്‍ നിന്ന് പണം തട്ടിയ കേസില്‍ ബിജെപിയുടെ യുവനേതാവ് അറസ്റ്റില്‍. സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ത്രീകളില്‍നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ചെന്നൈ സ്വദേശിയും നിയമ വിദ്യാര്‍ഥിയുമായ തമിഴരസനെ(24)യാണ് ആന്ധ്ര സ്വദേശിനിയുടെ പരാതിയില്‍ താംബരം പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കല്‍ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇയാളുടെ ലാപ്‌ടോപ്, ഫോണ്‍ എന്നിവയില്‍നിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഇയാളുടെ ഫോണില്‍ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. യുവതികളില്‍ നിന്ന് തട്ടിയെടുത്ത പണവും സ്വര്‍ണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാര്‍ വാങ്ങിയെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.