കോട്ടയം: ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങില്‍ നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. കൂടുതല്‍ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും യു.ജി.സി. നിര്‍ദേശങ്ങളും പരിഗണിച്ച് നടപടിയെടുക്കും. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകര്‍ത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍വിവരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.