തൃശൂര്‍: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 12നാണ് ഇയാള്‍ രണ്ട് പവന്‍ തൂക്കം വരുന്ന രണ്ട് മുക്കുപണ്ട വളകള്‍ പാപ്പിനിവട്ടം സഹകരണ ബാങ്കില്‍ പണയം വെച്ച് 88,000 രൂപ തട്ടിയത്.

സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വളകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കുന്നത്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതി അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ മറ്റ് ബാങ്കുകളില്‍ പ്രതി മുക്കുപണ്ടങ്ങള്‍ പണയത്തില്‍ വെച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. മതിലകം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എംകെ ഷാജിയുടെ നേതൃത്വത്തില്‍ എസ്‌ഐ രമ്യ കാര്‍ത്തികേയന്‍, എഎസ്‌ഐ വിനയന്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്