പാലക്കാട്: പാലക്കാട് വനിതാ-ശിശു ആശുപത്രിയില്‍ ഞായറാഴ്ച രാത്രി തീപ്പിടിത്തം. പതിനൊന്നരയോടെ വാര്‍ഡിനു സമീപത്താണു തീപ്പിടിത്തമുണ്ടായത്. ഉടനടി തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വൈദ്യുതിബന്ധം പൂര്‍ണമായും തടസ്സപ്പെട്ടതിനാല്‍ തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ആശുപത്രിയിലേക്ക് ഉയര്‍ന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെന്‍ഷന്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ ബ്രേക്കറിനു തീ പിടിച്ചതാണ് അപകട കാരണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും പറഞ്ഞു. തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനടി പാലക്കാട് നിലയത്തില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

കെ.എസ്.ഇ.ബി. സുല്‍ത്താന്‍പേട്ട സെക്ഷന്‍ ഓഫീസില്‍നിന്നു ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രേക്കര്‍ പൂര്‍ണമായും കത്തിയതിനാല്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവാത്ത സ്ഥിതിയാണെന്നു കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍ കെ. ബാബു പറഞ്ഞു. ജനറേറ്റര്‍ സ്ഥലത്തെത്തിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് 1.45-ന് വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ജില്ലാ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിനുപിന്നാലെ തൊട്ടടുത്ത ആശുപത്രിയിലും തീപ്പിടിത്തമുണ്ടായതു രോഗികളിലും കൂട്ടിരിപ്പുകാരിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വൈദ്യുതിബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാനാകാത്തതിനാല്‍ തീവ്രപരിചരണവിഭാഗത്തിലും മറ്റും കഴിയുന്ന കുട്ടികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നു കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു.