തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഉടുപ്പ് ധരിച്ച് കയറുന്ന കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായവും അനുവാദവും തേടാതെ സര്‍ക്കാര്‍ ധൈര്യത്തോടെ തീരുമാനമെടുക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയത് ഏതെങ്കിലും തന്ത്രിമാരുടെ അനുവാദം വാങ്ങിയല്ല. ക്ഷേത്ര പ്രവേശന വിളംബരമുണ്ടായതും തന്ത്രിമാര്‍ പറഞ്ഞിട്ടല്ല. സമൂഹത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും മഹാശിവരാത്രി ആഘോഷവും ഉദ്ഘാടനം ചെയ്ത് സാധിക്കുകകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവരും പൂജാരിമാരാകണമെന്ന് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതും തന്ത്രിമാരുടെ നിര്‍ദ്ദേശ പ്രകാരമല്ല. ഗുരുവിന്റെ ധീരമായ പാത പിന്തുടര്‍ന്ന് ശാസ്ത്ര യുഗത്തില്‍ ജീവിക്കുന്ന പരിഷ്‌കൃത ജനതയെന്ന നിലയില്‍ അപരിഷ്‌കൃത ചിന്തകളെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രീനാരായണീയ സമൂഹത്തിന് കഴിയണം. കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍ വേണ്ടെന്ന് നൂറു വര്‍ഷം മുമ്പ് ഗുരുദേവന്‍ പറഞ്ഞു. ആന വേണ്ടെന്ന് കോടതികളെല്ലാം ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ ബ്രാഹ്‌മണര്‍ അത് വേണ്ടെന്ന് പറഞ്ഞിട്ടും സമൂഹം അംഗീകരിക്കുന്നില്ല, ചില മാമൂല്‍ പ്രിയന്‍മാര്‍ കോടതികളെ സമീപിച്ച് എങ്ങനെയും ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളത്തും വെടിക്കെട്ടും തുടരാനുള്ള ശ്രമത്തിലാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.

ഗുരു സ്വപ്നം കണ്ട ലോകത്തേക്ക് എത്താന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും വികലതകളെ തിരിച്ചറിഞ്ഞാണ് തിരുത്തല്‍ ശക്തിയായി ശിവഗിരി മഠം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉടുപ്പ് ധരിച്ചേ കയറാവൂവെന്ന് നിര്‍ബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളില്‍ എന്തിന് നാം പോകണമെന്ന് ചടങ്ങിന് സ്വാഗതം പറഞ്ഞ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ചോദിച്ചു.

സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എല്‍.എ മുഖ്യാതിഥിയായി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റര്‍ വി.എസ്.രാജേഷ്, റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, സ്വാമി ശിവനാരായണ തീര്‍ത്ഥ തുടങ്ങിയവര്‍ സംസാരിച്ചു.