തലപ്പുഴ: വയനാട് തലപ്പുഴയില്‍ വീണ്ടും കടുവ എത്തിയതായി റിപ്പോര്‍ട്ട്. തലപ്പുഴ 43ല്‍ സന്തോഷിന്റെ വീടിനു സമീപത്തായി ഇന്നലെ രാത്രിയോടെ കടുവ എത്തി എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കടുവയെ നേരില്‍ കണ്ടുവെന്ന് വീട്ടുകാരും പറയുന്നു. ഇതോടെ നാട്ടുകാര്‍ ഭീതിയിലായി, പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

കഴിഞ്ഞ 29ന് ഈ പരിസരത്തുതന്നെ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തലപ്പുഴയോട് ചേര്‍ന്ന് ഗോദാവരിയിലും കമ്പിപ്പാലത്തും കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെത്തിയിരുന്നു. മേഖലയില്‍ കൂടു സ്ഥാപിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. അതിനിടെ തലപ്പുഴ പാല്‍സൊസൈറ്റി സമീപം കടുവ നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു.